Thursday 28 June 2018

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ദിലീപ് കത്ത് അയച്ചു. ഒരു സംഘടനയിലേക്കും താന്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് ദിലീപ് അമ്മയ്ക്ക് കത്ത് നല്‍കിയത്. തന്‍റെ പേരു പറഞ്ഞ് സംഘടനയെ അപമാനിക്കുന്നതില്‍ വിഷമമുണ്ടെന്നും നിരപരാധിത്യം വ്യക്തമാക്കുന്നതു വരെയും സംഘടനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കി. സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിടെയാണ് സംഘടനയിലേക്കില്ലെന്ന് വ്യക്തമാക്കി ദിലീപ് രംഗത്തെത്തിയത്.
കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ:
ജനറൽ സെക്രട്ടറി അമ്മ
തിരുവനന്തപുരം
സർ,
കഴിഞ്ഞ 24-ന് കൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും, എന്‍റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്‍റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി. അതിൽ അമ്മ ഭാരവാഹികൾക്കും, സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു. എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്‍റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും, ജനങ്ങൾക്കും മുന്നിൽ എന്‍റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.‘ഫിയോക്ക്’ എന്ന സംഘടനയ്ക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്‍റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട്,
ദിലീപ്
28/06/18
ആലുവ

No comments:

Post a Comment